ലഖ്നൗ: പതിനെട്ടുകാരിയെ ഓടുന്ന കാറിനുള്ളിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ലളിത്പുർ ജില്ലയിലെ ബൻസിയിലാണ് സംഭവം. ഈ മാസം നാലിനാണ് പെൺകുട്ടി കാറിനുള്ളിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരാൾ പെൺകുട്ടിയുടെ സുഹൃത്താണ്.
വിദ്യാർത്ഥിനിയുടെ സുഹൃത്തായ നിതിൻ താക്കൂർ (22) എന്നയാളെയും മറ്റൊരാളെയും അറസ്റ്റു ചെയ്തു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിതിൻ താക്കൂറും വിദ്യാർത്ഥിനിയും തമ്മിൽ രണ്ടര മാസമായി ഫോണിലൂടെ ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ മാസം നാലിന് ബൻസി ടൗണിൽ നിന്നു വീട്ടിലേക്കു നടന്നുവരികയായിരുന്നു വിദ്യാർത്ഥിനി. കാറിലെത്തിയ നിതിൻ ആവശ്യപ്പെട്ടതു പ്രകാരമാണ് വിദ്യാർത്ഥിനി വാഹനത്തിൽ കയറിയത്.
നിതിന്റെ സുഹൃത്തായിരുന്നു കാർ ഓടിച്ചത്. തുടർന്ന് കാർ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി ഇരുവരും ബലാത്സംഗം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സംഭവം വിശദമായി അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.


