എഐ  ഉപയോഗിച്ച്‌ സഹോദരിമാരുടെ വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച്‌ പുറത്തുവിടുമെന്ന് ഭീഷണി;19 വയസ്സുകാരൻ ജീവനൊടുക്കി

ഫരീദാബാദ്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സഹോദരിമാരുടെ വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച്‌ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 19 വയസ്സുകാരൻ ജീവനൊടുക്കി

കോളേജ് വിദ്യാർത്ഥിയായ രാഹുല്‍ ഭാരതി എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. രാഹുലിനെ ഒരു സുഹൃത്ത് അടക്കം രണ്ടുപേർ 20,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞതായും പരാതിയുണ്ട്. വിഷം കഴിച്ചാണ് രാഹുല്‍ ജീവനൊടുക്കിയത്.

ഫരീദാബാദിലെ ബസേല്‍വ കോളനിയിലാണ് നടന്നത്. രാഹുലിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ രാഹുലിന്റെ സുഹൃത്താണ്.

കഴിഞ്ഞ രണ്ടാഴ്ചയായി ഭീഷണി തുടങ്ങിയിട്ടെന്ന് രാഹുലിന്റെ പിതാവ് മനോജ് ഭാരതി പോലീസിനോട് പറഞ്ഞു. രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മനോജ് ഭാരതി പറയുന്നു. പിന്നാലെ രാഹുലിന്റെയും സഹോദരിമാരുടെയും എഐ നിർമ്മിത നഗ്ന ചിത്രങ്ങളും വീഡിയോകളും വാട്ട്‌സ്‌ആപ്പില്‍ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവം രാഹുലിന് സഹിക്കാൻ കഴിഞ്ഞില്ല. “അവൻ ഭക്ഷണം കഴിക്കാതെയായി, ആരോടും സംസാരിക്കാതെയായി, മുറിയില്‍ ഒറ്റയ്ക്ക് സമയം ചെലവഴിച്ചു,” മനോജ് ഭാരതി പറഞ്ഞു.

തുടർച്ചയായുള്ള ഭീഷണികള്‍ രാഹുലിനെ വല്ലാതെ വേദനിപ്പിച്ചെന്നും അപമാനഭാരം സഹിക്കാനാവാതെ വന്നതോടെ അവൻ കൂടുതല്‍ ഒറ്റപ്പെട്ടെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ 15 ദിവസമായി രാഹുലിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളുണ്ടായതായി അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ രാഹുല്‍ മുറിയില്‍ വെച്ച്‌ സള്‍ഫാസ് (വിഷഗുളിക) കഴിച്ചു. കുടുംബം ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

രാഹുലിന്റെ പിതാവ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. രാഹുല്‍ ഇളയ മകനാണ്. രാഹുലിന് മൂന്ന് മൂത്ത സഹോദരിമാരുണ്ട്, രണ്ടുപേർ വിവാഹിതരും ഒരാള്‍ അവിവാഹിതയുമാണ്. രാഹുലിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സഹില്‍ എന്ന പേരുള്ള ഒരാളുമായി നടത്തിയ നീണ്ട വാട്ട്‌സ്‌ആപ്പ് ചാറ്റുകള്‍ പിതാവ് കണ്ടെത്തി. ഈ ചാറ്റുകളില്‍ സഹില്‍ എഐ നിർമ്മിത ചിത്രങ്ങളും വീഡിയോകളും അയച്ചതായും പണം ആവശ്യപ്പെട്ടതായും കാണാം.

അവസാന സംഭാഷണത്തില്‍, പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് സഹില്‍ രാഹുലിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. രാഹുലിനെ കളിയാക്കുകയും ധൈര്യമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യാൻ വെല്ലുവിളിക്കുകയും ചെയ്തു. എങ്ങനെ മരിക്കാമെന്നും മരണത്തിലേക്ക് നയിക്കുന്ന ചില പദാർത്ഥങ്ങളെക്കുറിച്ചും സഹില്‍ ചാറ്റില്‍ സൂചിപ്പിച്ചതായി പറയപ്പെടുന്നു.

രാഹുലിന്റെ പിതാവ്, രാഹുലിന്റെ സുഹൃത്തുക്കളില്‍ ഒരാളായ നീരജ് ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് സംശയം പ്രകടിപ്പിച്ചു. രാഹുല്‍ മരിക്കുന്നതിന് മുമ്പ് അവസാനമായി സംസാരിച്ചത് നീരജിനോടാണെന്ന് മനോജ് പറഞ്ഞു. പോലീസില്‍ നല്‍കിയ പരാതിയില്‍ സഹിലിനെയും നീരജിനെയും പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്. ഓള്‍ഡ് ഫരീദാബാദ് പോലീസ് സ്റ്റേഷനിലാണ് കേസ്. രണ്ട് പ്രതികളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സൈബർ കൊള്ളയ്ക്കു വേണ്ടി എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന പ്രവണതയാണ് ഈ കേസിലുള്ളതെന്ന് അന്വേഷകർ പറഞ്ഞു.

ഈ സംഭവം രാജ്യത്തെമ്പാടും കൃത്രിമബുദ്ധിയുടെ ദുരുപയോഗത്തെക്കുറിച്ച്‌ ഗുരുതരമായ ആശങ്കകള്‍ ഉയർത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ പ്രശ്നം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: