കൊച്ചി: അനിൽ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാളാണെന്ന് ദല്ലാൾ നന്ദകുമാർ. സി.ബി.ഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് തന്റെ കൈയിൽനിന്ന് അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നതിന് തെളിവുകൾ പുറത്തുവിടാൻ തയ്യാറാണെന്നും നന്ദകുമാർ വ്യക്തമാക്കി. പത്തനംതിട്ടയിൽ സംവാദത്തിനും അനിൽ ആന്റണിയെ നന്ദകുമാർ വെല്ലുവിളിച്ചു. പണം നൽകിയെന്ന നന്ദകുമാറിന്റെ ആരോപണം നിഷേധിച്ച് അനിൽ ആന്റണി രംഗത്ത് വന്നതിന് പിന്നാലെയാണ് നന്ദകുമാർ തെളിവുകൾ പുറത്തുവിടാൻ തയാറാണെന്ന് വ്യക്തമാക്കിയത്.
‘അനിൽ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാളാണ്. ഡിഫൻസ് മിനിസ്റ്റർ പദവി, യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനിൽ ആന്റണി. തനിക്ക് പണം തിരിച്ച് നൽകാൻ പിജെ കുര്യനും പിടി തോമസും ഇടപ്പെട്ടിട്ടുണ്ട്. പിജെ കുര്യൻ ഇടനിലക്കാരനായി നിന്നാണ് തന്റെ പണം തിരിച്ചുതന്നത്. 2014 ൽ എൻഡിഎ സർക്കാർ വന്നപ്പോൾ സിബിഐക്ക് താൻ പരാതി നൽകാനിരുന്നതായിരുന്നു. കുര്യൻ തന്നെ തടഞ്ഞു. അന്ന് പണം തിരികെ ലഭിച്ചതുകൊണ്ടാണ് പരാതി നൽകാതിരുന്നത്’- നന്ദകുമാർ പറഞ്ഞു.
പത്തനംതിട്ടയിൽ സ്വന്തം ചിലവിൽ സംവാദത്തിന് തയാറാണെന്നും അനിൽ ആന്റണി തയാറാണോയെന്നും നന്ദകുമാർ ചോദിച്ചു. തനിക്ക് വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞ അനിൽ ആന്റണി തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചു. വിശ്വാസ്യത ഇല്ലാത്ത തന്നെ എന്തിന് ബന്ധപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. ഇത്തവണ സ്ഥാനാർഥിയായിട്ടുള്ള ബിജെപിയുടെ ഒരു തീപ്പൊരി നേതാവ് തന്റെ കൈയിൽ നിന്നും 10 ലക്ഷം രൂപ അക്കൗണ്ടിൽ വാങ്ങിയിട്ടുണ്ടെന്നും നന്ദകുമാർ ആരോപിച്ചു

