Headlines

ഇതാണോ മോദിയുടെ ഗ്യാരണ്ടി, പരശുറാം എക്‌സ്പ്രസില്‍ ബോധരഹിതരായത് 18 വനിതാ യാത്രക്കാര്‍, തിക്കും തിരക്കുമായി കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതമയം



രാജ്യത്തെ സര്‍വമേഖലയിലും ബിജെപി സര്‍ക്കാര്‍ വികസനം കൊണ്ടുവന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച്‌ അവകാശപ്പെടുമ്പോഴും പൊതുജനങ്ങളുടെ തീരാദുരിതത്തിന് അറുതിയില്ല.

മോദി ഗ്യാരണ്ടി എന്ന മുദ്രാവാക്യവുമായി ബിജെപി ഒരിക്കല്‍ക്കൂടി വോട്ടുതേടുമ്പോള്‍ തിക്കും തിരക്കും വൈകിയോടലും മൂലം ദുരിതത്തിലായ കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ ഈ ഗ്യാരണ്ടി തങ്ങള്‍ക്ക് വേണ്ടെന്ന് പറയുകയാണ്.

കേരളത്തോട് എന്നെന്നും ചിറ്റമ്മനയം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ ദുരിതത്തിന് പ്രധാന കാരണം. ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല വന്ദേ ഭാരത് ട്രെയിനിന്റെ പേരില്‍ മറ്റു ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിടുന്നത് തുടരുകയാണ്. നിത്യജീവിതത്തിനായി സ്ഥിരമായി ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്ന തൊഴിലാളികളും വിദ്യാര്‍ത്ഥികളുമെല്ലാം ഇതുമൂലം കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്.

രാവിലേയും വൈകിട്ടുമാണ് തിരക്കേറേയും. മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസിലെ കടുത്ത തിരക്കുമൂലം വനിതാ യാത്രക്കാര്‍ ബോധരഹിതരാകുന്നത് പതിവാകുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ 18 വനിതാ യാത്രക്കാര്‍ പരശുറാം എക്സ്പ്രസില്‍ കുഴഞ്ഞുവീണു. ജനുവരിയിലും ഫെബ്രുവരിയിലും മാത്രം എട്ട് വിദ്യാര്‍ത്ഥിനികള്‍ക്കാണ് തിരക്കില്‍പ്പെട്ട് ബോധം നഷ്ടമായത്.

ശ്വാസംമുട്ടുന്ന തിരക്കാണ് ട്രെയിനിലെന്ന് യാത്രക്കാര്‍ പറയുന്നു. ഒറ്റക്കാലില്‍ നിന്ന് യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗംപേരും. പരശുറാം എക്സ്പ്രസിലെ തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

വാര്‍ത്തയുണ്ടാകുമ്പോള്‍ മാത്രം പ്രതികരിക്കുന്ന കേന്ദ്രമന്ത്രി വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പലകുറി ആവര്‍ത്തിക്കുന്നതല്ലാതെ ജനങ്ങളുടെ ദുരിതത്തിന് ശമനമില്ല. ഇക്കഴിഞ്ഞ ബജറ്റിലും കേരളത്തിലെ റെയില്‍ ഗതാഗതത്തെ പൂര്‍ണമായും അവഗണിച്ചു. തിരക്ക് കുറയ്ക്കാനും യാത്രക്കാര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിച്ചേരാനും കഴിയുന്ന സില്‍വര്‍ ലൈനിന് കേന്ദ്രം അനുമതി നല്‍കുന്നുമില്ല. കേരളം മുന്നോട്ടുവെച്ച അതിവേഗ റെയില്‍വേ പദ്ധതിക്ക് പാരപണിയുന്നവര്‍ ഇപ്പോഴത്തെ ജനങ്ങളുടെ ദുരതത്തിന് മുഖംതിരിച്ചുനില്‍ക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: