തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് റിപ്പോർട്ട്. രാഷ്ട്രീയപ്രചാരണമായിരുന്നില്ല പരിപാടിയെന്നും പാർട്ടിയുടെ കൊടിയോ ചിഹ്നമോ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സർവകലാശാല രജിസ്ട്രാറാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ് റിപ്പോർട്ട് നൽകിയത്.
സർവകലാശാലയിൽ നടക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായിരുന്നു ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കാൻ വിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ബ്രിട്ടാസ് പ്രസംഗിക്കുകയായിരുന്നു. ബിജെപി നൽകിയ പരാതി കൂടി കണക്കിലെടുത്തായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത്.
ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിലാണ് ജോൺ ബ്രിട്ടാസ് പ്രഭാഷണം നടത്തിയത്.പരാതി പരിഗണിച്ച വി സി പരിപാടിയിൽ വിയോജിപ്പ് അറിയിക്കുകയും തുടർ തീരുമാനത്തിന് രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് രജിസ്ട്രാർ സംഘാടകർക്ക് നോട്ടീസും നൽകി. പക്ഷേ വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാനായിരുന്നു സംഘാടകരുടെ തീരുമാനം.
രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനിൽക്കെ പ്രധാനമന്ത്രിയേയും ബിജെപിയയേും വിമര്‍ശിച്ചായിരുന്നു ബ്രിട്ടാസിന്‍റെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തില്‍ പരാമർശമുണ്ടായിരുന്നു. അതേസമയം, പ്രഭാഷണ പരമ്പരയിൽ രാഷ്ട്രീയമില്ലെന്നാണ് യൂണിയൻ നിലപാട്. സർവകലാശാല വിസിയും ഇടത് സിണ്ടിക്കേറ്റ് അംഗങ്ങളും യൂണിയനും തമ്മിൽ ഏറെനാളായി പോരിലാണ്. അതിനിടെയാണ് പുതിയ വിവാദം.

