മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; 58 വയസുകാരന് ജീവപര്യന്തം തടവും പിഴയും

പത്തനംതിട്ട: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. വള്ളിക്കോട് , മമ്മൂട് കുടമുക്ക് തുണ്ടിൽ വടക്കേതിൽ വീട്ടിൽ രാമചന്ദ്രൻ പിള്ള മകൻ ശശികുമാറിനെയാണ് പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പ്രതിക്ക് ജീവപര്യന്തം കഠിന തടവിനും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസാണ് വിധിപ്രസ്താവിച്ചത്.


2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ പ്രതി, മുൻപ് ജോലി ചെയ്തിരുന്ന വീടിനു മുൻപിലൂടെ നടന്നു പോയപ്പോൾ എട്ടുവയസുകാരിയായ പെൺകുട്ടി മുറ്റത്ത് നിന്നു കളിക്കുന്നത് കണ്ടു. വീടിനെപ്പറ്റി നന്നായി അറിയാവുന്ന പ്രതി അവിടെ പെൺകുട്ടിയുടെ മുത്തശ്ശി മാത്രമേയുള്ളൂ എന്നു മനസ്സിലാക്കി വീടിൻ്റെ പരിസരത്ത് നിൽക്കുകയും പെൺകുട്ടി വീടിനുള്ളിലേക്ക് കയറിയപ്പോൾ അടുക്കളവശത്തുകൂടി അകത്ത് കയറുകയും ചെയ്തു. പിന്നാലെ മുറിയിലെത്തിയ പ്രതി, കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയുമായിരുന്നു.

കുട്ടിയെ ആക്രമിച്ച ശേഷം പ്രതി വീടിന് പുറത്തിറങ്ങി നിന്നു. പിന്നീട് പുറത്തേക്കു പോയ മാതാവ് തിരികെ വന്നപ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ സംസാരിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞു. ഇതറിഞ്ഞ പ്രതി സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. തുടർന്ന് എട്ട് വയസുകാരിയുടെ അമ്മ പത്തനംതിട്ട വനിതാ പൊലീസിൽ വിവരമറിയിച്ചു. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൻ്റെ അന്വേഷണം പത്തനംതിട്ട വനിതാ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഷൈല നടത്തുകയും പ്രോസിക്യൂഷൻ നടപടികൾ എസ് .സി.പി.ഒ ഹസീന ഏകോപിപ്പിക്കുകയും ചെയ്തു. പ്രതി ശിഷ്ടകാലം മുഴുവൻ തടവുശിക്ഷ അനുഭവിക്കണമെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: