ആലപ്പുഴ: മണ്ണഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കൊലപാതകക്കേസ് പ്രതിയടക്കം മൂന്നുപേർ പിടിയിൽ. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം വട്ടിയൂർകാവ് നെട്ടയം മുളക്കിൻതറവിളയിൽ അരവിന്ദ്, (26), ഉള്ളൂർ ശ്രീകാര്യം സജിഭവനത്തിൽ ജിത്തു (27), അടൂർ ചങ്കൂർ ക്ഷേത്രത്തിനുസമീപം വടക്കേച്ചരുവിൽ ചന്ദ്രലാൽ (24) എന്നിവരാണ് അറസ്റ്റിലായത്.
അരവിന്ദ് പരിചയപ്പെട്ട മണ്ണഞ്ചേരി സ്വദേശിയായ 17 കാരിയെ ഇയാൾ 29-ന് ആലപ്പുഴയിലെത്തി കൂടെക്കൂട്ടി അടൂരിലെ ചന്ദ്രലാലിന്റെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു. ശേഷമാണ് മൂവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. കാപപ്രകാരം ജയിലിലായിരുന്ന ജിത്തു കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയതെന്നു പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ചന്ദ്രലാലിനെതിരേ നിലവിൽ വേറെ കേസുണ്ട്. അരവിന്ദും ജിത്തുവും കൊലപാതകക്കേസിലടക്കം പ്രതികളാണ്. മൂന്നു പ്രതികളും ലഹരിവിൽപ്പനയടക്കം കേസുകളിലും ഉൾപ്പെട്ടിട്ടുള്ളവരാണെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ 30-നാണ് പെൺകുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാർ മണ്ണഞ്ചേരി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഫോൺവിളികൾ പരിശോധിച്ച പോലീസിനു പ്രതികളെപ്പറ്റി സൂചന ലഭിച്ചു. പെൺകുട്ടിയുടെ ഫോൺ അവസാനമായി പ്രവർത്തിച്ച ടവർ ലൊക്കേഷൻ കണ്ടെത്തിയാണ് പോലീസ് പ്രതികളിലേക്കെത്തിയത്.
വാഹനമെത്താത്ത മലമുകളിലാണ് ചന്ദ്രലാലിന്റെ വീട്. പോലീസിനെക്കണ്ട് ആക്രമണത്തിനുശ്രമിച്ച സംഘത്തെ മൽപ്പിടിത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ചന്ദ്രലാലിന്റെ സഹോദരനും വിവിധ കേസുകളിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
ആലപ്പുഴ ഡിവൈ.എസ്.പി. മധു ബാബുവിന്റെ നേതൃത്വത്തിൽ മാരാരിക്കുളം എസ്.ഐ. എ.വി. ബിജു, മണ്ണഞ്ചേരി എസ്.ഐ. കെ.ആർ. ബിജു, എസ്.ഐ. മാരായ ജോമോൻ, രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഉല്ലാസ്, ഷാനവാസ്, ഷൈജു, സിവിൽ പോലീസ് ഓഫിസർമാരായ ശ്യാംകുമാർ, അനീഷ്, വനിതാ സിവിൽ പോലീസ് ഓഫിസർമാരായ ആശമോൾ, അഞ്ജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.
