തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കലിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി സ്ത്രീ മരിച്ചു. കുളപ്പട സ്വദേശിനി ഷീലയാണ് മരിച്ചത്. 56 വയസ്സായിരുന്നു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. നിരവധി സ്കൂൾ വിദ്യാർത്ഥികൾ അടക്കം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയത്.
ആര്യനാടു നിന്നും നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറി പാഞ്ഞു കയറിയതിനെത്തുടർന്ന് ബസ് സ്റ്റോപ്പ് പൂർണമായി തകർന്നുപോയി. സമീപത്തെ കുഴിയിൽ വീണാണ് ലോറി നിന്നത്.
അപകടത്തിൽ മരിച്ച ഷീല, ബസ് സ്റ്റോപ്പിന് സമീപത്തുണ്ടായിരുന്ന ഒരു മരത്തിന് അടിയിൽപ്പെട്ടു. അവിടെ നിന്നും ഷീലയെ പുറത്തെടുക്കുകയായിരുന്നു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായതിനു പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആര്യനാട് ഉഴമലയ്ക്കലില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; സ്ത്രീ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
