കോയമ്പത്തൂർ: ചിരിച്ചു കൊണ്ട് സോറി പറഞ്ഞു, അപരിചിതയായ വിദ്യാർത്ഥിനിയെ ചുംബിച്ച് യുവാവ്. കോയമ്പത്തൂരിലാണ് വിചിത്രമായ സംഭവം. പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ പുത്തൂർ സ്വദേശി 32 കാരനായ മുഹമ്മദ് ഷരീഫ് ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇരുപതുകാരി വഴിയിലെ കുഴി ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ സ്കൂട്ടർ ഷെരീഫിന്റെ സ്കൂട്ടറിന്റെ വശത്ത് ചെറുതായി ഇടിച്ചു.
തുടർന്ന് സ്കൂട്ടർ നിർത്തി പെൺകുട്ടി ചിരിച്ചുകൊണ്ട് ഷെറീഫിനോട് മാപ്പ് പറഞ്ഞ് മുന്നോട്ടുപോയി. എന്നാൽ പെൺകുട്ടിയെ പിന്തുടർന്ന യുവാവ് തടഞ്ഞുനിർത്തി കഴുത്തിലും കയ്യിലും ചുംബിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി യുവാവിനെ തള്ളി മാറ്റിയതിന് ശേഷം സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. പിന്നാലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി ചിരിച്ചത് കൊണ്ട് ചുംബിച്ചെന്നാണ് യുവാവിന്റെ വിചിത്ര വിശദീകരണം. ഇയാൾക്ക് ഭാര്യയും മകനും ഉണ്ടെന്ന് കോയമ്പത്തൂർ പൊലീസ് അറിയിച്ചു
