കേരള പൊലീസിനെതിരെ പരാതിയുമായി കസ്റ്റംസ്.


തിരുവനന്തപുരം: കേരള പൊലീസിനെതിരെ പരാതിയുമായി കസ്റ്റംസ്. അന്വേഷണത്തിന്റെ പേരിൽ പൊലീസും വിജിലൻസും കസ്റ്റംസ് ഉദ്യോഹസ്ഥരെ അകാരണമായി പീഡിപ്പിക്കുന്നു എന്നാണ് കസ്റ്റംസിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ചീഫ് കമ്മീഷണർ മനോജ് കെ അറോറ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് കത്തയച്ചു. പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നാണ് കസ്റ്റംസ് ചീഫ് കമ്മീഷണർ കത്തിൽ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ വിജിലൻസ്- പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്യുന്നത് യാതൊരു തെളിവുമില്ലാതെയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.


കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിൻറെ ക്വാർട്ടേഴ്സിൽ നടന്ന വിജിലൻസ് റെയ്ഡിനെ തുടർന്നാണ് കസ്റ്റംസ് ചീഫ് കമ്മീഷണർ കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.കഴിഞ്ഞയാഴ്ചയാണ് കസ്റ്റംസ് ചീഫ് കമ്മീഷണർ മനോജ് കെ അറോറ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് അർധ ഔദ്യോഗിക കത്ത് അയച്ചത്.

എന്നാൽ കത്തിൽ ഇതുവരെയും സംസ്ഥാന പൊലീസ് തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ജനുവരി 18നാണ് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിൻറെ ക്വാർട്ടേഴ്സിൽ വിജിലൻസ് റെയ്ഡ് നടന്നത്. പത്ത് വിജിലൻസ് ഉദ്യോഗസ്‌ഥർ രാവിലെ ഏഴു മുതൽ വൈകിട്ട് നാലു വരെ ക്വാർട്ടേഴ്‌സ് റെയ്ഡ് ചെയ്തു. ഹരിയാനയിൽ കൈത്തലിലെ സന്ദീപ് നെയിൻറെ കുടുംബ വീട്ടിലും പരിശോധന നടത്തി. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉദ്യോഗസ്ഥൻറെ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം കൊണ്ടുപോയിട്ടും തിരിച്ചുനൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.

അതേസമയം, കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീടുകളിലെ പരിശോധന നിയമം പാലിച്ചാണെന്ന നിലപാടിലാണ് വിജിലൻസ്. അത് തുടരുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കോടതിയുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. നിയമപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് ഏതുസ്ഥലത്തും പരിശോധിക്കാമെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: