തിരുവനന്തപുരം : തമിഴ്നാട്ടിൽ നിന്ന് വിഴിഞ്ഞത്തുള്ള സഹോദരിയുടെ വീട്ടിൽ പോകുന്നതായറിയിച്ച് യാത്ര തിരിച്ച വയോധികയെ പൂവാറിനടുത്ത് കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി തിരുവട്ടാർ പുത്തൻകട തവിട്ട്കാട് വിള വീട്ടിൽ വേലമ്മ (76) യുടെ മൃതദേഹമാണ് വൈകുന്നേരം മൂന്നരയോടെ പൂവാർ പള്ളം തീരത്ത് കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് വിഴിഞ്ഞത്ത് താമസിക്കുന്ന സഹോദരി സുമിത്രയുടെ വീട്ടിൽ പോകുന്നതായറിച്ച് ഇവർ യാത്ര തിരിച്ചത്. വൈകുന്നേരംവരെയും വിഴിഞ്ഞത്തെത്തിയില്ലെന്നറിഞ്ഞ ബന്ധുക്കൾ തിരുവട്ടാർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് വൈകുന്നേരം കടലിൽ വസ്ത്രങ്ങൾ ഇല്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൂവാർ തീരദേശ പൊലീസ് എത്തി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവർ എങ്ങനെ കടൽക്കരയിൽ എത്തിയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് തീരദേശ പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും കഴിഞ്ഞശേഷം കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
