ഹൈദരാബാദ്: ഭർത്താവിൽ നിന്നുള്ള നിരന്തര സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ ദേവികയാണ് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചത്. സ്ത്രീധന പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയായ സതീഷ് ചന്ദ്രായയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത വരികയാണ്.
രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ദേവികയും സതീഷ് ചന്ദ്രയുമായുള്ള വിവാഹം നടന്നത്. അതേസമയം യുവതിയുടെ കുടുംബ ഉടമസ്ഥതയിലുള്ള ഫ്ലാറ്റും മറ്റൊരു ഭൂമിയും തന്റെ പേരിൽ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സതീഷ് ദേവികയെ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. രണ്ട് മാസങ്ങളായി നിരന്തരം വഴക്കായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും ഞായറാഴ്ച രാത്രി ദേവികയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. അയാൾ ഉടൻ തന്നെ വീട് വിട്ട് രാത്രി വൈകി തിരിച്ചെത്തിയതായി പറയപ്പെടുന്നു.
പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോഴാണ് ഭാര്യ മരിച്ച വിവരം യുവാവ് അറിഞ്ഞതെന്നും ശേഷം അയൽക്കാരെയും ദേവികയുടെ അമ്മ രാമലക്ഷ്മിയെയും വിവരം അറിയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം സതീഷ് ചന്ദ്രയിൽ നിന്നുള്ള സ്ത്രീധന പീഡനം മൂലമാണ് മകൾ ഇങ്ങനെ ഒരു ക്രൂരമായ നടപടി സ്വീകരിച്ചതെന്ന് രാമലക്ഷ്മി പരാതിയിൽ ആരോപിച്ചു.
റായ്ദുർഗത്തിലെ പ്രശാന്തി ഹിൽസിലെ അപ്പാർട്ട്മെന്റിൽ താമസിക്കുമ്പോൾ, നിസ്സാരകാര്യങ്ങൾക്ക് ദമ്പതികൾ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം വിവാഹസമയത്ത് സ്ത്രീധനമായി പണവും സ്വർണ്ണാഭരണങ്ങളും നൽകിയിരുന്നതായി ദേവികയുടെ അമ്മ രാമലക്ഷ്മി പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സതീഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
