കളമശ്ശേരി: ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പെൺകുട്ടികൾക്ക് വിവാഹവാഗ്ദാനം നൽകി പണം തട്ടിയ യുവാവ് പിടിയിൽ. മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി റോഡ് സ്കൈ വ്യൂവിൽ കാർത്തിക് വേണുഗോപാലിനെയാണ്(31) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കാർത്തിക്. സമൂഹ മാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേനനയാണ് ഫോണിൽ സന്ദേശം അയച്ച് തുടങ്ങാറ്. ബെംഗളൂരുവിൽ മലയാളി യുവതി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. യുവതിയിൽ നിന്ന് പണവും വാഹനങ്ങളും കൈവശപ്പെടുത്തിയശേഷം തനിക്ക് കാൻസറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു പ്രതി കൈയൊഴിയുകയായിരുന്നു. ബെംഗളൂരു സിറ്റി പൊലീസിന്റെ പരിധിയിലുള്ള കടുകോടി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിരവധി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിട്ടുള്ള ഇയാൾ, വിവാഹ വാഗ്ദാനം നൽകി അവരിൽനിന്ന് പണം കൈക്കലാക്കിയശേഷം വഞ്ചിക്കുകയായിരുന്നു. നിരവധി പേരിൽ നിന്ന് വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനും വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തട്ടിപ്പു നടത്തിയതിനും ഇയാൾക്കെതിരെ കേസ് ഉള്ളതായി പൊലീസ് പറഞ്ഞു. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ആവശ്യപ്രകാരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഡി.സി.പി അശ്വതി ജിജി, തൃക്കാക്കര എ.സി.പി ബേബി എന്നിവരുടെ നേതൃത്വത്തില്‍ ഇടപ്പള്ളി ലുലു മാളിൽ വച്ച് സാഹസികമായി പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് ഫോണും ലാപ്ടോപ്പും പണവും പിടിച്ചെടുത്തു.
സാമ്പത്തിക ശേഷിയുള്ള മുപ്പത് വയസിന് താഴെയുള്ള യുവതികളെയാണ് പ്രതി ലക്ഷ്യം വച്ചിരുന്നത്. അവിവാഹിതരായ പെൺകുട്ടികളുടെ വിശ്വാസം പിടിച്ചുപറ്റിയുള്ള വഞ്ചന പ്രതി മാസങ്ങളായി തുടർന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുതുനഗരം, ചിറ്റൂർ, ഗുരുവായൂർ (അഞ്ച്), നാദാപുരം (രണ്ട്), വടകര, തലശ്ശേരി, കന്‍റോൺമെന്‍റ് സ്‌റ്റേഷൻ (മൂന്ന്), എറണാകുളം സെൻട്രൽ, ജീവൻഭീമ നഗർ ബംഗളുരു, കിളികൊല്ലൂർ, തൃക്കാക്കര, വിൽസൺ ഗാർഡൻ ബംഗളൂരു, പാലാരിവട്ടം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതിയെ ബെംഗളൂരു പൊലീസിന് കൈമാറി
