കൊച്ചി: പരീക്ഷയെഴുതി മടങ്ങിയ വിദ്യാർത്ഥികളുടെ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ആലുവ ഇരുമ്പനത്ത് വീട്ടിൽ ജിസ്മി(19) ആണ് മരിച്ചത്. പറവൂർ മാല്യങ്കര എസ്എൻഎം കോളജിൽ പരീക്ഷ എഴുതിയ ശേഷം ബന്ധുവും സഹപാഠിയുമായ ഇമ്മാനുവേലിനൊപ്പം ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായത്. ബസ്സിടിച്ച് ജിസ്മി തൽക്ഷണം മരിച്ചു. ഇമ്മാനുവൽ പരിക്കുകളോട് രക്ഷപ്പെട്ടു.
അയ്യമ്പിള്ളി റാംസ് കോളജിന്റെ സബ് സെന്ററായ ആർഇസി സെന്ററിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ജിസ്മി. പരീക്ഷാകേന്ദ്രം മാല്യങ്കര കോളജിലായിരുന്നു. പരീക്ഷ എഴുതിയ ശേഷം ഇരുവരും കോളജിൽ നിന്നിറങ്ങി കോളജ് കവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിനു സമീപം വച്ചിരുന്ന ബൈക്കിൽ കയറാൻ ഒരുങ്ങുമ്പോൾ മൂത്തകുന്നം ഭാഗത്തുനിന്ന് അതിവേഗത്തിൽ വന്ന സൗപർണിക ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ജിസ്മി ബസ്സിന് അടിയിലേക്കാണ് തെറിച്ചുവീണത്. ചക്രം കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടിത്തകർന്നു. തെറിച്ചുവീണ ഇമ്മാനുവലിനെ നിസ്സാര പരിക്കുകളോടെ മൂത്തകുന്നം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
