Headlines

ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചെന്ന് യുവതി; സംശയം ഇല്ലെങ്കിലും അവസാന നിമിഷം പോസ്റ്റ്മോർട്ടം നടത്തി; ചുരുളഴിഞ്ഞത് റെയിൽവേ ജോലിക്കായുള്ള ഭാര്യയുടെ കൊടും ക്രൂരത

ലഖ്നൌ: റെയിൽവേയിൽ ടെക്നീഷ്യനായ യുവാവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ. ഒരു സംശയവുമില്ലാതിരുന്ന കേസിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വീട്ടുകാർക്ക് സംശയമൊന്നും ഇല്ലായിരുന്നുവെങ്കിലും അവസാന നിമിഷം പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചതോടെയാണ് സ്വാഭാവിക മരണമെന്ന് കരുതിയത് കൊലപാതകമെന്ന് കണ്ടെത്തിയത്. ഉത്തർ പ്രദേശിലെ ബിജ്നോർ സ്വദേശിയായ ദീപക് കുമാറാണ് കൊല ചെയ്യപ്പെട്ടത്. ഇതോടെ ഭാര്യ ശിവാനിയെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച നവരാത്രി പൂജക്കിടെയാണ് 29 കാരനായ റെയിൽവേ ടെക്നീഷ്യൻ ദീപക് കുമാർ മരിച്ചത്. കുഴഞ്ഞുവീണ് മരിച്ചെന്നും ഹൃദയാഘാതം സംഭവിച്ചതാണെന്നും ഭാര്യ ശിവാനി ബന്ധുക്കളെ അറിയിച്ചു. സ്വാഭാവിക മരണമാണെന്ന് കരുതിയ വീട്ടുകാർ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ചെയ്തു. എന്നാൽ സർക്കാർ ജോലിക്കാരനായതിനാൽ ഭാവിയിൽ ആശ്രിത ജോലിക്കും മറ്റും തടസ്സം ഉണ്ടാകാതിരിക്കാൻ അവസാന നിമിഷം പോസ്റ്റുമോർട്ടം നടത്താൻ മാതാപിതാക്കൾ തീരുമാനിച്ചു. ദീപക്കിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.

പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ദീപകിന്‍റെ ഭാര്യ ശിവാനിയെ അറസ്റ്റ് ചെയ്തു. മറ്റൊരാളുടെ സഹായത്തോടെയാണ് ശിവാനി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇയാൾ ആരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. റെയിൽവേയിലെ ജോലി കിട്ടാനായാണ് ശിവാനി ഈ ക്രൂരത ചെയ്തതെന്ന് ദീപകിന്‍റെ മാതാപിതാക്കൾ പറയുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് ബിജ്‌നോർ എസ്പി സഞ്ജീവ് വാജ്‌പേയി പറഞ്ഞു.

2023 ജൂൺ 17 നാണ് ദീപക്കും ശിവാനിയും വിവാഹിതരായത്. ദമ്പതികൾക്ക് ആറ് മാസം പ്രായമുള്ള മകനുണ്ട്. നജിബാബാദിലെ ആദർശ് നഗർ കോളനിയിലെ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. 2023 മാർച്ചിൽ റെയിൽവേയിൽ ചേരുന്നതിന് മുമ്പ്, ദീപക് സിആർപിഎഫിൽ സേവനമനുഷ്ഠിച്ചിരുന്നു. ശിവാനിയും ദീപകിന്‍റെ അമ്മയും തമ്മിൽ വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് ദീപകിന്റെ സഹോദരൻ പറഞ്ഞു. ദീപകിന്‍റെ അമ്മയെ ശിവാനി തല്ലിയിട്ടുണ്ടെന്നും സഹോദരൻ മൊഴി നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: