തീര്‍ഥാടകയുടെ ഷോക്കേറ്റുമരണം; കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിച്ചെന്ന വാദം തള്ളി ജല അതോറിറ്റി



            

പമ്പ: തെലങ്കാനയില്‍നിന്നുള്ള തീര്‍ഥാടക നീലിമലയില്‍ ഷോക്കേറ്റുമരിച്ചത് വഴിവിളക്കിന്റെ തൂണില്‍നിന്ന് കുടിവെള്ള കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിച്ചതുകൊണ്ടാണെന്ന വാദം തള്ളി ജല അതോറിറ്റി. അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് പമ്പ സെക്ഷന്‍ അധികാരികള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

അപകടം നടന്നത് നീലിമല താഴെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ രണ്ടാംനമ്പര്‍ ഷെഡിനടുത്താണ്. ഇവിടെ കെഎസ്ഇബിയുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ലോഹനിര്‍മിതമായ വൈദ്യുതത്തൂണുകളുണ്ട്. ഇതിനടുത്താണ് ജല അതോറിറ്റിയുടെ 156-ാം നമ്പര്‍ കിയോസ്‌ക്. സ്റ്റീലില്‍ പണിത കിയോസ്‌കില്‍ പിവിസി ടാപ്പുകളാണ് വെള്ളം എടുക്കാനായി വെച്ചിരിക്കുന്നത്. കിയോസ്‌ക് മറിഞ്ഞുവീഴാതിരിക്കാന്‍ വൈദ്യുതത്തൂണില്‍ ബന്ധിപ്പിച്ചിട്ടുമില്ല. വൈദ്യുതത്തൂണിലെ ഏതെങ്കിലും കേബിള്‍ പൊട്ടിവീണതാകാം അപകടകാരണമെന്നാണ് അതോറിറ്റി പറയുന്നത്. സംഭവസ്ഥലത്തെ വീഡിയോയും ചിത്രങ്ങളും ഇതിന് തെളിവായി കൈമാറിയിട്ടുണ്ട്. ദര്‍ശനം നടത്തി മടങ്ങുംവഴി തിങ്കളാഴ്ച വൈകീട്ടാണ് ഇ. ഭരതമ്മയ്ക്ക് (60) ഷോക്കേറ്റതും മരിച്ചതും. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗം, പോലീസ് എന്നിവ ചേര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തി. വഴിവിളക്കിന്റെ കേബിള്‍ ഉരുകി തൂണിലേക്കും തുടര്‍ന്ന് കിയോസ്‌കിലേക്കും വൈദ്യുതിപ്രവഹിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, കിയോസ്‌കില്‍ വൈദ്യുതിസംബന്ധമായ കണക്ഷനുകളുടെ ആവശ്യമില്ലെന്ന് ജല അതോറിറ്റി പറയുന്നു.

നരഹത്യയ്ക്ക് കേസെടുക്കണം
പന്തളം: സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നരഹത്യയ്ക്ക് കേസെടുക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്നും ശബരിമല ആചാര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി ജി. പൃഥിപാല്‍ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പരമ്പരാഗതപാതയില്‍ ഭക്തരുടെ ജീവന് വിലകല്പിക്കാതെ ദേവസ്വം ബോര്‍ഡിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ജല അതോറിറ്റിയുടെയും ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവൃത്തികളാണ് ദുരന്തത്തിന് കാരണമായതെന്ന് ആരോപിച്ചു. തീര്‍ഥാടക മരിച്ചതില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് തിരുവാഭരണപാത സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല പരാതിനല്‍കി.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: