വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുകയാണ് മരിച്ചത്. 41വയസായിരുന്നു. ഇന്നലെ ശക്തമായ മഴയും ഇടിമിന്നലുമുണ്ടായ സമയത്ത് വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുമ്പോഴാണ് ഷോക്കേറ്റത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും. തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക് ആണ് മരം വീണത്. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാതയിലെ ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്.

ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: