കോട്ടയം : കോട്ടയത്ത് രാമപുരം കുറിഞ്ഞിക്ക് സമീപം കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർ അറസ്റ്റിൽ. കാറുടമ അയ്മനം മാലിപ്പറമ്പിൽ ജോജോ ജോസഫ് (32), വെള്ളൂർ കൊച്ചുകരീത്തറ കെ ആർ രഞ്ജിത്ത് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപെട്ട കാറിൽ നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണ് ജോജോയെ അറസ്റ്റു ചെയ്തത്.
പാലാ – തൊടുപുഴ റോഡിൽ രാമപുരം കുറിഞ്ഞിക്ക് സമീപം ബുധനാഴ്ച വൈകിട്ടാണ് കാറപകടമുണ്ടായത്. കാർ ഓടയിലേക്കു മറിഞ്ഞ് ആർപ്പൂക്കര കരിപ്പൂത്തട്ട് കൊട്ടാരത്തിൽ ജോസ്‌ന (37) ആണ് മരിച്ചത്. തൊടുപുഴ ഭാഗത്തുനിന്നു വരുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് കാർ അമിതവേഗത്തിൽ മനഃപൂർവം ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാറോടിച്ചിരുന്ന രഞ്ജിത്ത് മദ്യപിച്ചതായി തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന ആർപ്പൂക്കര സ്വദേശി നീതു സനീഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മെഡിക്കൽ റെപ്പുമാരായ നാലുപേരും തൊടുപുഴയിലെ ആശുപത്രികളിൽ പോയ ശേഷം പാലായിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു
