നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികൾ




മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ  വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകളും ഉൾപ്പെടുന്നു. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.



നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.




ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി വി അൻവർ സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നിലമ്പൂർ നീങ്ങിയത്. 2021 ലെ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 46.9 % വോട്ടും നേടി 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൻവർ കോൺഗ്രസിന്റെ വി വി പ്രകാശിനെ തോൽപ്പിച്ചത്.



കൈപ്പത്തി ചിഹ്നത്തിൽ ആര്യാടൻ ഷൗക്കത്ത് , ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം സ്വരാജ്, താമര അടയാളത്തിൽ മോഹൻ ജോർജ് എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ. കത്രിക അടയാളത്തിൽ പി വി അൻവർ മത്സരിക്കുമ്പോൾ എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും മത്സരരംഗത്തുണ്ട്. ആകെ പത്തു സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: