ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിൽ കാമുകിയെ സ്‌കൂട്ടറിൽ വന്ന് ഇടിച്ചിട്ട് യുവാവ് കടന്നുകളഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം കൽപന നഗർ പ്രദേശത്താണ് സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, യുവതി കുറച്ചു കാലം മുമ്പ് യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാൽ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും അനുരഞ്ജനത്തിന് നിർബന്ധിക്കുകയും ചെയ്തു. ഇതിന് യുവതി വിസമ്മതിച്ചതോടെയാണ് ഇയാൾ യുവതിയെ ആക്രമിച്ചത്
സാക്ഷികളുടെ മൊഴികളും പ്രാഥമിക അന്വേഷണ വിവരങ്ങളും അനുസരിച്ച്, അതിവേഗതയിലെത്തിയ ആക്ടിവ സ്കൂട്ടർ ഓടിച്ച യുവാവ് റോഡിലുണ്ടായിരുന്ന യുവതിയെ മനഃപൂർവം ഇടിക്കുകയായിരുന്നു. ആക്രമണശ്രമം ചെറുക്കുന്നതിൻ്റെ ഭാഗമായി യുവതി യുവാവിനു നേരെ കല്ലെറിഞ്ഞതോടെ, പ്രകോപിതനായ പ്രതി സ്കൂട്ടറിൻ്റെ വേഗത കൂട്ടി ഇടിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ യുവതി പിന്നീട് ഹിരാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രതിക്കെതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ, മനഃപൂർവം ഉപദ്രവിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. അന്വേഷണത്തിൽ ഇയാൾ ആവർത്തിച്ചുള്ള കുറ്റവാളിയാണെന്ന് കണ്ടെത്തി. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏഴ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‘പ്രതിയെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്, അയാളുടെ ക്രിമിനൽ പശ്ചാത്തലം സ്ഥിരീകരിച്ചിട്ടുണ്ട്. ഉടൻ തന്നെ അയാൾ അറസ്റ്റിലാകും’, ഹിരാനഗറിൽ നിന്നുള്ള ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു


