Headlines

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്ററുകളിലെ സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നു; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾക്കുള്ളിലെ ഇൻഫ്രാറെഡ് നിരീക്ഷണ ക്യാമറയിൽ നിന്നുള്ള ക്ലിപ്പുകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ പോൺ സൈറ്റുകളിലും, ടെലഗ്രാം, എക്സ് തുടങ്ങിയവയിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്ന് ദി ന്യൂസ് മിനിറ്റ് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ചർച്ച ആരംഭിച്ചത്.


വിവിധ എക്സ് അക്കൗണ്ടുകളിൽ തിയേറ്ററുകൾക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ സെക്കന്റുകൾ മാത്രമുള്ള ‘ട്രെയ്‌ലർ’ എന്ന പേരിൽ വിവിധ എക്സ് അക്കൗണ്ടുകളിൽ പങ്കുവെക്കപ്പെടുന്നത്. ഇതിനോടൊപ്പം തന്നെ ടെലഗ്രാം ചാനലുകളിൽ ജോയിൻ ചെയ്യാനുള്ള ലിങ്കുകളും പങ്കുവെക്കപ്പെടുന്നുണ്ട്. ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്‌താൽ അതിൽ തന്നെ നിരവധി സബ് ചാനലുകളും കാണാൻ കഴിയും. തുടർന്ന് വിവിധ വിഭാഗങ്ങളാക്കി തിരിച്ച നിരവധി സിസി ടിവിദൃശ്യങ്ങളാണ് പണം നൽകിയാൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നത്.

പണം അടച്ചതിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്യാൻ മാത്രമായി മറ്റൊരു ചാനലും നിലവിലുണ്ട്. സിസി ടിവി ദൃശ്യങ്ങളിലുള്ള തിയേറ്ററിലെ സീറ്റുകളിൽ കെഎസ്എഫ്ഡിസിയുടെ ലോഗോ കൃത്യമായി കാണാൻ കഴിയുന്നുണ്ട്. ചില ദൃശ്യങ്ങളിൽ കൈരളി എൽ 3 എന്ന വാട്ടർമാർക്കും, ചിലതിൽ ശ്രീ ബിആർ എൻട്രൻസ്, നിള ബിഎൽ എൻട്രൻസ് എന്നീ വാട്ടർമാർക്കുകളും ദൃശ്യമാണ്.

തിയേറ്റർ അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഇതുവരെ പരാതികളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന വിവരമാണ് അറിയാൻ കഴിയുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് അവർക്ക് അറിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കെഎസ്എഫ്ഡിസി തിയേറ്ററുകളിൽ സിസി ടിവി സ്ഥാപിച്ചത് കെൽട്രോൺ ആണെന്നും, അത്തരം ദൃശ്യങ്ങൾ പുറത്തുപോവാൻ വഴിയില്ലെന്നും തിയേറ്റർ അധികൃതർ പറയുന്നു.

ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളും ഇത്തരത്തിൽ പ്രചരിക്കപ്പെടുന്നുണ്ടെന്നാണ് ദി ന്യൂസ് മിനിറ്റ് പറയുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്ക് എന്ന പേരിൽ സ്ഥാപിക്കപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ഇത്തരത്തിൽ സോഫ്റ്റ് പോൺ വിഭാഗത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നത് തികച്ചും ആശങ്കാജനകമാണ്.

അതേസമയം 17,000-ത്തിലധികം ഫോളോവേഴ്‌സുള്ള ‘ഗീത’ എന്ന ഒരു എക്‌സ് അക്കൗണ്ടിൽ തിയേറ്ററുകൾ, ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചോർന്ന സിസിടിവി ദൃശ്യങ്ങൾ നിറഞ്ഞിരുന്നു. ചില വീഡിയോകളിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. “തിയേറ്റർ സിസിടിവി, ഹോം സിസിടിവി, ഹോസ്റ്റൽ സിസിടിവി, ഓഫീസ് സിസിടിവി എന്നിവയ്ക്ക് പ്രീമിയം കളക്ഷൻ ലഭ്യമാണ്.” എന്ന അടിക്കുറുപ്പോടെയാണ് ഇവ ഷെയർ ചെയ്തിരിക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: