ആര്യനാട്: നാളെ നടക്കുന്ന ആര്യനാട് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ യു.ഡി.എഫ് തീരുമാനിച്ചതായി യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടത്തിയും അകാരണമായി ജില്ലാ പഞ്ചായത്ത് മെമ്പർ, ഡി. സി. സി ഭാരവാഹി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെ അന്തിമ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുകയും വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി സി.പി.എം സൃഷ്ടിക്കുകയും ചെയ്തു. നീതിപൂർവ്വവും ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ബോധ്യമായ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നത്. സഹകരണ ബാങ്കിൽ നടന്ന 12 കോടിയിൽ പരം രൂപയുടെ സാമ്പത്തിക തിരിമറിയെ സംബന്ധിച്ച് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്മേൽ തുടർ നടപടികൾ സ്വീകരിക്കാതെ കുറ്റക്കാരെ സംരക്ഷിക്കുന്ന സഹകരണ വകുപ്പ്. ഇപ്പോൾ വോട്ടർ പട്ടികയിലെ ക്രമക്കേടിനും കൂട്ടുനിൽക്കുകയാണ്. ഇതിനെതിരെ സഹകാരികളെ സംഘടിപ്പിച്ചു തുടർ പ്രക്ഷോഭ പരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ സംഘത്തിന് നഷ്ടം വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. യു.ഡി.എഫ് നേതാക്കളായ എൻ. ജയമോഹനൻ, പുളിമൂട്ടിൽ രാജീവൻ, മണ്ണാറം പ്രദീപ്, ആർ.എസ്. ഹരി , എസ്.കെ. രാഹുൽ, കെ.എസ്.സുരേഷ് ബാബു., ആർ ജയകാന്ത്, എസ്.ജയകുമാർ, റോബർട്ട് വത്സകം എന്നിവർ പങ്കെടുത്തു.


