തിരുവനന്തപുരം: ശമ്പള കുടിശിക അനുവദിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സർക്കാർ മെഡിക്കല്‍ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു
മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന ഒപി ബഹിഷ്കരണം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ചു.
ശമ്പള കുടിശിക തീർപ്പാക്കാമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെത്തുടർന്നാണ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക് നീങ്ങിയത്. സമരം അനാവശ്യമാണെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന ഡോക്ടർമാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡോക്ടർമാർ ജോലി നിർത്തിവെച്ച് പ്രതിഷേധിച്ചിരുന്നു. ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അലവൻസുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ട് വെക്കുന്നു.
സീനിയർ ഡോക്ടർമാർ ഒപിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സാധാരണക്കാരായ രോഗികളെ സാരമായി ബാധിച്ചിട്ടുണ്ട്. ജൂനിയർ ഡോക്ടർമാരും ഹൗസ് സർജന്മാരുമാണ് നിലവില്‍ ഒപി കൈകാര്യം ചെയ്യുന്നത്. ഇന്ന് മുതല്‍ ശസ്ത്രക്രിയകള്‍ കൂടി ബഹിഷ്കരിക്കുന്നതോടെ ദൂരദേശങ്ങളില്‍ നിന്ന് ചികിത്സയ്ക്ക് എത്തിയവർ വെട്ടിലായി. പുതിയ രോഗികള്‍ക്ക് ശസ്ത്രക്രിയക്കായി തീയതി നല്‍കുന്നതും നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു, അടിയന്തര ശസ്ത്രക്രിയകള്‍, ക്യാൻസർ ചികിത്സ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സമരം ഇനിയും കടുപ്പിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം


