മിഡില്‍ ഈസ്റ്റിലെ യുദ്ധം രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. തിങ്കളാഴ്ച്ച രാവിലെ ക്രൂഡ് വില 7% ത്തിലധികം ഉയര്‍ന്ന് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറാന്‍- യുഎസ്, ഇസ്രായേല്‍ സൈനിക ആക്രമണങ്ങളെ തുടര്‍ന്ന്, ഹോര്‍മുസ് കടലിടുക്ക് വഴി കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് ക്രൂഡ് വില കുതിച്ചുയര്‍ന്നത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 82.37 ഡോളറായി ഉയര്‍ന്നു. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 7.60% ഉയര്‍ന്ന് 78.41 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് അഥവാ wti 7.19% ഉയര്‍ന്ന് 71.86 ഡോളറിലെത്തി.
യുഎസും ഇസ്രായേലും തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ഗള്‍ഫിലുടനീളം ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ടിലധികം കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. മാത്രമല്ല, കപ്പലുകളോട് ഈ കടലിടുക്കിലൂടെ കടന്നുപോകരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏകദേശം 20% എണ്ണയും വാതകവും കടന്നുപോകുന്ന പ്രധാന മാര്‍ഗമാണ് ഹോര്‍മുസ് കടലിടുക്ക്
ഈ കടലിടുക്കിന്റെ പ്രവേശന ഭാഗത്ത് തന്നെ അന്താരാഷ്ട്ര കപ്പല്‍ഗതാഗതം ഏറെക്കുറെ നിലച്ചിരിക്കുകയാണ്. സംഘര്‍ഷം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ എണ്ണ വിലകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഹോര്‍മുസ് വഴി കപ്പല്‍ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയെന്ന സൂചനകള്‍ പുറത്തു വരുന്നതു വരെ എണ്ണ വിപണി അസ്ഥിരമായി തുടരുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമുണ്ടായാല്‍ മാത്രമേ എണ്ണവില കുറയാന്‍ ഇടയുള്ളൂ. എന്നാല്‍, സംഘര്‍ഷം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


