എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവായി. പുതിയ സർക്കുലർ പ്രകാരം 2 മാർക്ക് മുതൽ 100 മാർക്ക് വരെ ഗ്രേസ് മാർക്ക് അനുവദിക്കും. കേരള സ്കൂൾ കലോത്സവം, കേരള സ്കൂൾ ശാസ്ത്രോത്സവം, സംസ്ഥാനതല ശാസ്ത്ര സെമിനാർ, സംസ്ഥാനതല സി.വി.രാമൻ ഉപന്യാസ മത്സരം, സംസ്ഥാനതല ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ, സംസ്ഥാനതല വാർത്താവായന മത്സരം, സംസ്ഥാനതല ശാസ്ത്ര ടാലന്റ്റ് സെർച്ച് പരീക്ഷ സംസ്ഥാനതല സാമുഹ്യ ശാസ്ത്ര ടാലന്റ്റ് സെർച്ച് പരീക്ഷ, സംസ്ഥാനതല ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ, സംസ്ഥാനതല ശാസ്ത്രമാഗസിൻ മത്സരം എന്നിവയിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 20മാർക്കും ബി ഗ്രേഡ് ലഭിച്ചവർക്ക് 15മാർക്കും സി ഗ്രേഡ് ലഭിച്ചവർക്ക് 10മാർക്കും ഗ്രേസ് മാർക്കായി ലഭിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നിശ്ചയിച്ചു നൽകുന്ന ഇനങ്ങൾക്ക് യഥാക്രമം 20,17,14 മാർക്ക് നൽകും.
കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിൽ (19 തൽസമയ ഇനങ്ങൾക്ക് മാത്രം), സ്പെഷ്യൽ സ്കൂൾ, കലോത്സവം, സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് എന്നിവയിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 20മാർക്കും ബി ഗ്രേഡ് ലഭിച്ചവർക്ക് 15മാർക്കും സി ഗ്രേഡ് ലഭിച്ചവർക്ക് 10മാർക്കും ഗ്രേസ് മാർക്കായി ലഭിക്കും.
ജുനിയർ റെഡ് ക്രോസിന് 10 മാർക്കും
സ്റ്റഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന് 20 മാർക്കും ലഭിക്കും. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് (ദേശീയ തലത്തിൽ പങ്കെടുത്തവർക്ക്) 25 മാർക്ക്, സ്കൗട്ട് & ഗൈഡ്സ് ഹയർ സെക്കന്ററി വിഭാഗത്തിൽ 80% ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തത്തിന് 25 മാർക്കും, രാജ്യപുരസ്കാർ/ചീഫ് മിനിസ്റ്റർ ഷീൽഡിന് 40 മാർക്കും രാഷ്ട്രപതി അവാർഡ് വിജയികൾക്ക് 50 മാർക്കും ലഭിക്കും.
സ്കൗട്ട് & ഗൈഡ്സ് ഹൈസ്കൂൾ വിഭാഗത്തിൽ 80% ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തത്തിന് 18 മാർക്ക്, രാജ്യപുരസ്കാർ/ചീഫ് മിനിസ്റ്റർ ഷീൽഡിന് 20 മാർക്ക്, രാഷ് ട്രപതി അവാർഡ് വിജയികൾക്ക് 25 മാർക്ക് എന്നിങ്ങനെ നൽകും. റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്ത എൻ എസ് എസ് വോളൻ്റിയേഴ്‌സിന് 40 മാർക്ക്, ദേശീയ തലത്തിൽ ക്യാമ്പുകളിൽ പങ്കെടുത്ത എൻ എസ് എസ് വോളന്റിയേഴ്‌സിന് 25 മാർക്ക്, എൻ എസ് എസ് സർട്ടിഫിക്കറ്റ് ഉളള എൻ എസ് എസ് വോളന്റിയേഴ്‌സിന് 20 മാർക്ക്, ലിറ്റിൽ കൈറ്റ്സിന് 15 മാർക്ക്, ജവഹർലാൽ നെഹ്റു നാഷണൽ എക്‌സിബിഷന് (നാഷണൽ സയൻസ് ഫെയർ) 25 മാർക്ക്, ബാലശ്രീ അവാർഡ് വിജയികൾക്ക് 15 മാർക്ക് എന്നിവ നൽകും.
അന്തർദേശീയ സ്പോർട്സ് മത്സരങ്ങൾക്ക്
(പൊതുവിദ്യാഭ്യാസ വകുപ്പ്/സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകൾ മുഖേന പങ്കെടുക്കുന്ന ഇനങ്ങൾക്ക്) ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് 100 മാർക്കും രണ്ടാം സ്ഥാനംനേടിയവർക്ക് 90 മാർക്കും മൂന്നാം സ്ഥാനം നേടിയവർക്ക് 80 മാർക്കും
അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 75 മാർക്കും നൽകും.


