ദൃശ്യം 3 യ്ക്ക് മുൻപേ ദൃശ്യം 2 വരും; സിനിമയുടെ തിയേറ്റർ റീലീസ് പ്രഖ്യാപിച്ച് ടീം.
ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏപ്രില്‍ 2 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ റീലീസ് മാറ്റിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ചിത്രം മെയ് 21 ന് തിയറ്ററുകളില്‍ എത്തും.
ഇപ്പോഴിതാ മറ്റൊരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് ആശിർവാദ് സിനിമാസ്. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ചിത്രം തിയേറ്ററിൽ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററിൽ കാണാൻ ആകും. ഇന്ത്യയിൽ മാത്രമാകും ചിത്രം റിലീസിന് എത്തുന്നത്. സിനിമയുടെ മൂന്നാം ഭാഗത്തിന് മുൻപ് ചിത്രം തിയേറ്ററിൽ എത്തുന്നതിന്റെ സന്തോഷവും ആരാധകർക്കുണ്ട്.
അതേസമയം, രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ‘ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി ഞങ്ങൾ നിലനിർത്തുന്നുണ്ട്. ഇല്ലെങ്കിൽ കാര്യമുണ്ടാകില്ല. അതിനുള്ള ചില കാര്യങ്ങൾക്ക് വേണ്ടിയാണ് എന്റെ എഫർട്ട്. രണ്ടാം ഭാഗത്തിൽ ഒരു നരേറ്റിവ് പാറ്റേൺ ഉണ്ടായിരുന്നു എന്നാൽ മൂന്നാം ഭാഗം അങ്ങനെയല്ല. ഒന്നാം ഭാഗത്തിന്റെ പാറ്റേർണിൽ ആണ് ദൃശ്യം 3 ഒരുങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം’, ജീത്തു ജോസഫിന്റെ വാക്കുകൾ


