നിതിന്‍ രാജിന്റെ മരണം; അധ്യാപകര്‍ക്കെതിരെ കേസെടുത്തു, സഹപാഠികളുടെ മൊഴിയെടുക്കും

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച്‌ പൊലീസ്

കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. നിതിന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം, പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

നിതിന്‍ ജീവനൊടുക്കിയതാണെന്നതില്‍ സംശയമില്ലെന്നും കാരണം സംബന്ധിച്ചതിലാണ് വ്യക്തത വരേണ്ടതെന്നും പൊലീസ് പറഞ്ഞു. കോളേജിലെ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അധ്യാപകരായ ഡോ. എം കെ റാം, ഡോ. സംഗീത എന്നിവര്‍ കേസില്‍ പ്രതികളാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

റാഗിംഗ് പരാതി അന്വേഷിക്കും. നിതിനെതിരെ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് പരാതിയുണ്ട്. നിതിന്‍ എടുത്ത ലോണും ആയി ബന്ധപ്പെട്ട് കോളേജിലെ അധ്യാപികയ്ക്ക് നിരന്തരം കോള്‍ വന്നു. അധ്യാപിക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിതിന്‍ അധ്യാപികയുടെ നമ്പര്‍ ബോധപൂര്‍വ്വം നല്‍കിയതാണോ, ലോണ്‍ ആപ്പ് ചോര്‍ത്തി എടുത്തത് ആണോ എന്ന് അന്വേഷിക്കുമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച്‌ നിതിന്‍ ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച്‌ നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: