മലയിടം തുരുത്തിലെ പോലിസ് നടപടി; സിപിഎം നേതാക്കളടക്കം 50 പേര്‍ക്കെതിരേ കേസ്

കൊച്ചി: എറണാകുളം ജില്ലയിലെ മലയിടം തുരുത്തില്‍ ദലിത് കുടുംബങ്ങള്‍ക്കെതിരായ പോലിസ് നടപടിയില്‍ കേസെടുത്ത് പോലിസ്. സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദലിത് കുടുംബാംഗങ്ങളും അടക്കം 50 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. അന്യായമായ സംഘംചേരല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് തടിയിട്ടപറമ്പ് പോലിസ് കേസെടുത്തത്. ഇന്നലെ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലിസ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചത്. ഇതിന് പിന്നാലെയാണ് കേസ്. അതേസമയം, എറണാകുളം മലയിടം തുരുത്തില്‍ ദലിത് കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ പോലിസ് അതിക്രമത്തെ രാഷ്ട്രീയ വിഷയമായി ഉയര്‍ത്താനൊരുങ്ങുകയാണ് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയം തുരുത്തില്‍ നടക്കും. ബലപ്രയോഗം പാടില്ലെന്ന നിര്‍ദേശമുണ്ടായിട്ടും എന്തുകൊണ്ട് പോലിസ് നടപടിയുണ്ടായെന്ന കാര്യത്തില്‍ എറണാകുളം റേഞ്ച് ഐജിക്ക് ആലുവ റൂറല്‍ എസ് പി ഇന്ന് റിപോര്‍ട്ട് നല്‍കും. മലയിടം തുരുത്തില്‍ സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: