തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയുടെ വീടിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വീട്ടിൽ അതിക്രമിച്ച് കടന്ന അക്രമി സംഘം വീട്ടിലുണ്ടായിരുന്ന സാധന സാമഗ്രികൾ അടിച്ച് തകർത്ത ശേഷം വീടിന് തീയിട്ടു. കാട്ടാക്കട സ്വദേശി ആനന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സംഭവം. ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. കൂട്ടമായി എത്തിയ ഗുണ്ടാ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി അവിടെയുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന്റെ ജനലുകളും ബാത്ത്റൂമും അടിച്ചുതകർത്ത സംഘം ശേഷം വീടിന് തീവച്ചു. ആരാണ് ആക്രമണം നടത്തിയതെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻ വൈരാഗ്യത്തിന്റെ പേരിലുള്ള അക്രമണമാണുണ്ടായതെന്നാണ് വിവരം. ആനന്ദിന്‍റെ സഹോദരീപുത്രനായ അഖിലിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കാട്ടാക്കട പോലീസ് പറയുന്നത്


