കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ ഒന്ന് മുതൽ മൂന്ന് വരെ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾക്കും വൈദ്യുതിബന്ധമുള്ള വീട്ടുപകരണങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. മിന്നൽ എല്ലായ്പ്പോഴും നേരിട്ട് ദൃശ്യമാകണമെന്നില്ല. അതിനാൽ കാർമേഘങ്ങൾ രൂപപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തന്നെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.


