പെരുമ്പാവൂർ: ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ഇന്നു രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ (52), നഴ്സിങ് വിദ്യാർത്ഥിനിയായ മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്. ബ്ലെസിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാനായി പിതാവ് ബൈക്കിൽ കൊണ്ടുപോകവെയാണ് അപകടമുണ്ടായത്.
ടോറസ് ലോറിയും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിനു പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ബ്ലെസി സംഭവസ്ഥലത്തും എൽദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
ബ്ലെസിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും എൽദോയുടേത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് കൃഷി അസിസ്റ്റന്റാണ് എൽദോ.

