Headlines

പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ഓടുന്ന കാറിലേക്ക് തകർന്നുവീണ് അപകടം; സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ഓടുന്ന കാറിലേക്ക് തകർന്നുവീണ് സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം. ഞായറാഴ്ച തിരക്കേറിയ ഒരു മാർക്കറ്റ് പ്രദേശത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവായ ലാല് ബഹദൂർ യാദവാണ് (48) മരിച്ചത്. ക്രെറ്റയിലെ പ്രതാപ്ഗഡ് നഗരത്തിലേക്ക് സ്വകാര്യ ജോലിക്കായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വീട്ടിൽ നിന്ന് വെറും 500 മീറ്റർ മാത്രം അകലെ വെച്ചായിരുന്നു ദാരുണ സംഭവം. ഭാരത് പെട്രോളിയത്തിന്റെ ഏകദേശം 65 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് പെട്രോൾ പമ്പിന് മുന്നിൽ ക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ പോസ്റ്റിന് ഏകദേശം 40 ക്വിന്റൽ തൂക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

പോസ്റ്റ് ഉയർത്തുന്നതിനിടെ ക്രെയിനിന്റെ ബെൽറ്റ് പെട്ടെന്ന് പൊട്ടുകയും ഭാരമേറിയ ഈ ഇരുമ്പ് തൂൺ യാദവിന്റെ വാഹനത്തിന് മുകളിലേക്ക് നേരിട്ട് പതിക്കുകയുമായിരുന്നു. കാറിന്റെ വാതിൽ തകർത്താണ് അദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻതന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു.

യാദവ് തൊഴിൽപരമായി ഒരു പൊതുമരാമത്ത് വകുപ്പിന്റെ കോൺട്രാക്ടറായിരുന്നു. ആന്റു നഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ടുതവണ മത്സരിച്ചെങ്കിലും രണ്ട് തവണയും അദ്ദേഹം പരാജയപ്പെട്ടു. മൂന്ന് സഹോദരന്മാരിലും ഒരു സഹോദരിയിലും മൂത്തയാളാണ് അദ്ദേഹമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. നാല് പെൺമക്കളും ഒരു മകനുമാണ് അദ്ദേഹത്തിനുള്ളത്. സംഭവത്തിൽ സുരക്ഷാ ക്രമീകരണങ്ങളിൽ അനാസ്ഥയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: