കൊയിലാണ്ടി: ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടുവയസുകാരന് ധാരുണാന്ത്യം. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊയിലാണ്ടി പാലക്കുളത്ത് വച്ചാണ് സംഭവം.
പാലക്കുളത്ത് വെച്ച് ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാനായാണ് കാർ റോഡ് സൈഡിൽ നിർത്തിയിട്ടത്. ടയർ മാറ്റുന്നതിനിടയിൽ വേഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. കാറിന് പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിലാണ് ആദ്യം ഇടിക്കുന്നത്. പിന്നാലെ കാറിനേയും ഇടിച്ചുതെറിപ്പിച്ചു. ടയർമാറ്റുന്ന സമയം കാറിലുള്ളവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. രണ്ട് പേരെ കാറിനടിയിൽ നിന്നും അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്.
പരിക്കേറ്റവർ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. സെയ്ഫ് (14), ഷെഫീർ (45), ഫാത്തിമ (17) ഗോപി (55) എന്നിവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ജുനൈദ് (37), സുഹറ (55) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

