ഭർത്താവ് പ്രതിയായ പീഡനക്കേസ്; ഒത്തുതീർക്കാനെത്തിയ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി, കുഞ്ഞ് മരിച്ചു

ഇൻഡോർ: മധ്യപ്രദേശിൽ ഭർത്താവ് പ്രതിയായ പീഡനക്കേസ് ഒത്തു തീർക്കാനെത്തിയ ഗർഭിണായയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തിയതായി പരാതി. മധ്യപ്രദേശിലെ മോറേനയിലെ ചാന്ദ്പുർ ഗ്രാമത്തിലാണ് ദാരുണണായ സംഭവം നടന്നത്. എട്ടു മാസം ഗർഭിണിയായ യുവതിയാണ് അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇവരുടെ ഗർഭസ്ഥ ശിശു ഉദരത്തിൽ വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.


കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് പൊലീസ് പറയുന്നത്. യുവതി എട്ട് മാസം ഗർഭിണിയായിരുന്നുവെന്നും കുഞ്ഞ് ഉദരത്തിൽവച്ചു തന്നെ കൊല്ലപ്പെട്ടുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: യുവതിയുടെ ഭർത്താവിന്‍റെ പേരിൽ പൊലീസിൽ ലൈംഗിക പീഡന പരാതി ലഭിച്ചിരുന്നു. പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ പരാതി വ്യാജമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പീഡനക്കേസ് ഒത്തു തീർക്കാനായാണ് യുവതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ചാന്ദ്പുർ ഗ്രാമത്തിലേക്ക് പോയത്. പരാതിക്കാരോട് സംസാരിക്കുന്നതിനിടെ മൂന്ന് പുരുഷന്മാർ യുവതിയെ ബലമായി പിടിച്ച് വലിച്ചു കൊണ്ടുപോയി. പിന്നീട് കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് പരാതി. യുവതി പൊലീസിൽ ഇക്കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ നാട്ടുകാർ വിളിച്ച് വിവരം അറിയിച്ചതിനനുസരിച്ച് പൊലീസ് എത്തിയാണ്ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: