ചണ്ഡീഗഢ്: പാനിപ്പത്തിൽ ഹോംവർക്ക് ചെയ്യാതെ സ്കൂളിൽ വന്ന കുട്ടികൾക്കെതിരെ ക്രൂരപീഡനം നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഏഴ് വയസ്സുകാരനാണ് പീഡനത്തിന് ഇരയായത്. ജാട്ടൽ റോഡിലുള്ള ഒരു സ്കൂളിലാണ് സംഭവം നടന്നത്. ജീവനക്കാർ കുട്ടികളോട് ക്രൂരമായി പെരുമാറുന്ന രണ്ട് വീഡിയോകളാണ് പുറത്തുവന്നത്. ഇതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവരാണ് അറസ്റ്റിലായത്.
കുട്ടിയെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കിയ ശേഷം പ്രിൻസിപ്പലിന്റെ ഡ്രൈവർ മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഇവർക്കെതിരെ മോഡൽ ടൗൺ സ്റ്റേഷൻ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഹോംവർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയോടുള്ള ക്രൂരത. മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളിയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ ഏഴു വയസ്സുള്ള മകനെ അടുത്തിടെയാണ് പാനിപ്പത്തിലെ സ്വകാര്യ സ്കൂളിൽ ചേർത്തതെന്നും കുട്ടിയെ ശിക്ഷിക്കാൻ പ്രിൻസിപ്പൽ റീന ഡ്രൈവർ അജയ്‌യെ വിളിച്ചുവരുത്തിയെന്നും അമ്മ ഡോളി ആരോപിച്ചിരുന്നു.
അജയ് കുട്ടിയെ അടിക്കുകയും, സുഹൃത്തുക്കളുമായി വീഡിയോ കോളുകൾ ചെയ്ത് ഇത് കാണിക്കുകയും ചെയ്തു. പിന്നീട് ഇയാൾ തന്നെ കുട്ടിയെ മർദിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഒടുവിൽ ഈ ക്ലിപ്പ് കുട്ടിയുടെ വീട്ടുകാർ കണ്ടതോടെയാണ് മർദന വിവരം പുറത്തുവന്നത്.
മറ്റൊരു വീഡിയോയിൽ പ്രിൻസിപ്പൽ റീന വിദ്യാർത്ഥികളുടെ മുഖത്ത് തുടരെ തുടരെ അടിക്കുന്നതും കാണാം. കുട്ടികൾ രണ്ട് സഹോദരിമാരോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിന് മുൻപ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും വീഡിയോ പ്രചരിച്ചതിന് പിന്നാലെ റീന പറഞ്ഞു. സ്കൂളിൽ ശിക്ഷയായി കുട്ടികളെകൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കാൻ നിർബന്ധിക്കാറുണ്ടെന്നും മാതാപിതാക്കൾ ആരോപിച്ചു.
സ്കൂൾ പ്രിൻസിപ്പൽ റീനയ്ക്കും ബസ് ഡ്രൈവർ അജയ്ക്കും എതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ആക്ടിലെ സെക്ഷൻ 115 (സ്വമേധയാ പരിക്കേൽപ്പിക്കൽ), 127(2) (തെറ്റായ തടങ്കലിൽ വയ്ക്കൽ), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 എന്നിവ പ്രകാരമായണ് കേസെടുത്തത്


