തൃശൂർ: സ്കൂട്ടർ യാത്രികയായ വിദ്യാർത്ഥിനി ടോറസ് ലോറിക്കടിയിൽ പെട്ട് മരിച്ചു. കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെയും സുരഭിയുടെ മകൾ ദേവപ്രിയ (18) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ പാവറട്ടി പുവ്വത്തൂർ സുബ്രഹ്മണ്യൻ കോവിലിന് സമീപത്തുവെച്ചാണ് ദേവപ്രിയ അപകടത്തിൽപെട്ടത്. ടോറസ് ലോറിക്കടിയിലേക്ക് ദേവപ്രിയ ഓടിച്ചിരുന്ന സ്‌കൂട്ടർ മറിയുകയായിരുന്നു. വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി.
ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളജിലെ ബി സി എ. ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ദേവപ്രിയ. കോളജിലെ എൻ സി സി ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മുൻഭാഗത്ത് നിന്ന് വന്നിരുന്ന സ്‌കൂട്ടറിന് കടന്നുപോകാൻ സൈഡ് കൊടുക്കുന്നതിനിടെ കുടിവെള്ള പൈപ്പിനായി പൊളിച്ച റോഡിന്റെ പകുതി ഭാഗം ടാറ് ചെയ്ത തിട്ടയിൽ തട്ടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
അപകടത്തിൽ ചക്രം കയറി ഹെൽമറ്റ് തകർന്നിട്ടുണ്ട്. അപകട സ്ഥലത്ത് വച്ച് തന്നെ ദേവപ്രിയ മരിച്ചിരുന്നു. ഓടിയെത്തിയ നാട്ടുകാർ ദേവപ്രിയയെ പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് പിതാവ് മധു അഭിമന്യു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. സഹോദരങ്ങൾ: ദേവനന്ദ, ദേവകിഷൻ
