കണ്ണൂർ: വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം പിടിയിൽ. കണ്ണൂർ ഉളിക്കലിലാണ് സംഭവം. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എംഡിഎംഎയും ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും പിടിച്ചെടുത്തു. അഞ്ചു ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്.
ഇന്നലെ അഞ്ച് മണിയോടെയാണ് പൊലീസ് പ്രതികൾ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലെത്തിയത്. സംഘം വാതിലിൽ മുട്ടിയെങ്കിലും പ്രതികൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. പിന്നീട് വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് സംഘം അകത്ത് കയറിയത്. പൊലീസ് ക്വാർട്ടേഴ്സിനുള്ളിൽ കടന്നതോടെ മയക്കുമരുന്ന് ടോയ്‌ലെറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
പൊലീസിനെ കണ്ടതോടെ പ്രതികൾ കയ്യിലുണ്ടായിരുന്ന എംഡിഎംഎ വാഷ് ബേസിലിട്ട് തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ബാക്കി വന്ന എംഡിഎംഎ ഇവരുടെ കയ്യിൽ നിന്ന് പിടികൂടാൻ സാധിച്ചു. ഒരുപാട് കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്ന ക്വാർട്ടേഴ്സിലായിരുന്നു സംഘത്തിന്റെ ലഹരി കച്ചവടം. ലഹരിക്കെതിരെയും ലഹരി വില്പനക്കാർക്ക് എതിരെയും കൂട്ടായ പ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
