ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ യാത്രക്കാരുമായി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അളകനന്ദാ നദിയിലേക്ക് മറിഞ്ഞു. അപകട സമയത്ത് വണ്ടിയിൽ 19 പേരുണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ ഒരാൾ മരിച്ചെന്നും ഏഴ് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അളകനന്ദാ നദിയിൽ 11 പേർക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിന് സമീപത്താണ് അപകടം ഉണ്ടായത്. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്.
രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടത് ടെമ്പോ ട്രാവലർ ആയിരിക്കാമെന്നാണ് ദുരന്ത നിവാരണ സെക്രട്ടറി വിനോദ് കുമാർ സുമാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല.
