മലപ്പുറം : ചങ്ങരംകുളം ടൗണിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ആനക്കര സ്വദേശി ചീനിക്കപ്പറമ്പിൽ ശ്രീരാഗ് (24) ആണ് മരണപ്പെട്ടത്. ശ്രീരാഗിനൊപ്പം ഉണ്ടായിരുന്ന അകലാട് സ്വദേശി വിനീത് (24), ആൽത്തറ സ്വദേശികളായ വിവേക് (28), രാഹുൽ ശ്രീരാഗ് (19), എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറവല്ലൂർ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്നിരുന്ന ബ്രസ കാർ ചങ്ങരംകുളം മൂക്കുതല ഭാഗത്ത് നിന്നും വന്നിരുന്ന ശ്രീരാഗ് ഓടിച്ചിരുന്ന ഐടൺ കാറിനെ ഇടിച്ചു തെറിപ്പിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബ്രസ കാർ ചങ്ങരംകുളത്തെ ഹാപ്പി ഡേയ്‌സ്ചപ്പാത്തി കടയിലേക്കും, ഐ ടൺ മീറ്ററുകൾക്ക് അപ്പുറം ഉള്ള സ്വർണ്ണ കടയിലേക്കും ഇടിച്ചു കയറി.
അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ ഐ ടൺ ഓടിച്ചിരുന്ന ശ്രീരാഗിനെ നാട്ടുകാർ ചേർന്ന് ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

