മലപ്പുറം: മലപ്പുറത്ത് കടലിൽ മുങ്ങി യുവാവ് മരിച്ചു. കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് തിരയിലകപ്പെട്ട് പോകുകയായിരുന്നു. മലപ്പുറം ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കല്‍ അബ്ദുറഹ്‌മാന്റെ മകന്‍ ജലീല്‍ (29) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ നോക്കിയെങ്കിലും യുവാവ് വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു.
ചാപ്പപ്പടി ഹാര്‍ബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രോമ കെയർ വിഭാഗത്തിൽ നിന്നുള്ളവരും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്‌ധരം നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ജലീലിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹസ്‌നിയയാണ് മരിച്ച ജലീലിൻ്റെ ഭാര്യ. ലഹ്ന ഏക മകളാണ്. കുഞ്ഞീവിയാണ് ജലീലിൻ്റെ മാതാവ്. മുസ്‌തഫ, കാസിം, അസ്‌മാബി, ഹസീന, ആസിഫ, അഫ്‌സിബ എന്നിവർ സഹോദരങ്ങളാണ്. ഇന്ന് അങ്ങാടി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും.
മറ്റൊരു സംഭവത്തിൽ കൊല്ലത്ത് ക്ഷേത്ര ദർശനത്തിന് ശേഷം അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. വാളത്തുംഗൽ ചേതന നഗർ തിട്ടയിൽ തെക്കതിൽ (ആനന്ദഭവനം) ബിജു-അജിത ദമ്പതികളുടെ മകൻ ആദിത്യൻ (19), വാളത്തുംഗൽ ചേതന നഗർ തിട്ടയിൽ തെക്കതിൽ (സർപ്പക്കാവിന് സമീപം) ബിജു-സിന്ധു ദമ്പതികളുടെ മകൻ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് അടുത്ത് ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു അപകടം.


