തിരുവനന്തപുരം: എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29)വിനെയാണ് തുമ്പ പൊലീസ് കഴക്കൂട്ടത്ത് നിന്നും അറസ്റ്റ് ചെയ്തത്. 150 ഗ്രാം എം.ഡി.എം.എയും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. അതേസമയം, എം.ഡി.എം.എ വാങ്ങാനെത്തുമെന്ന് കരുതിയ നേമം സ്വദേശി പൊലീസിൻറെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടു.
ബെംഗളുരുവിൽ നിന്നും കഴക്കൂട്ടത്ത് എത്തിച്ചാണ് അയാൾ ലഹരി കച്ചവടം നടത്താൻ ശ്രമിച്ചത്. മൈസുൂരു – കൊച്ചുവേളി ട്രെയിനിലെത്തിയ ഇയാൾ കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിലിറങ്ങി സമീപത്തെ ഇടവഴിയിൽ എം.ഡി.എം.എ. കൈമാറാൻ കാത്തു നിൽക്കുമ്പോഴാണ് പൊലീസിൻറെ പിടിയിലായത്. ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയിൽ നാലര ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തെത്തുടർന്ന് സിറ്റി ഡാൻസാഫ് ടീമും തുമ്പ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്. എം.ഡി.എം.എ.യുമായി ഇയാൾ നേരത്തേ എക്സൈസിൻറെ പിടിയിലായിട്ടുണ്ട്. ഈ കേസിൽ അഞ്ചു മാസം ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നേമം സ്വദേശിക്കായി ബാംഗളുരുവിൽ നിന്നാണ് എം.ഡി.എം.എ. വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. വിഷ്ണുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് തുമ്പ പൊലീസ് അറിയിച്ചു.



