കല്‍പ്പറ്റ: ഓട്ടോയിൽ ഹാൻസ് കടത്തിയ യുവാവ് പിടിയിൽ. വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) ആണ് അറസ്റ്റിലായത്. പുകയില ഉത്പന്നമായ ഹാന്‍സ് കടത്തുന്നതിനിടെ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും കമ്പളക്കാട് പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ കൂടിയ വിലയ്ക്ക് ചില്ലറ വിൽപ്പന ലക്‌ഷ്യം വെച്ചാണ് ഹാൻസ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
അസ്ലം സഞ്ചരിച്ച ഓട്ടോയിൽ എട്ട് ചാക്കുകളാണ് ഉണ്ടായിരുന്നത്. എല്ലാ ചാക്കുകളിലും ഹാൻസ് തന്നെയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കമ്പളക്കാട് ഭാഗത്തു നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് ഓട്ടോയില്‍ പുകയില ഉല്‍പ്പന്നം കടത്താനുള്ള ശ്രമമാണ് പൊലീസ് കയ്യോടെ പൊക്കിയത്. എട്ട് ചാക്കുകളിലായി 1,595 പാക്കറ്റ് ഹാന്‍സാണ് ഉണ്ടായിരുന്നത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഹാന്‍സ് നല്‍കുന്നവരിലെ പ്രാധാന കണ്ണിയാണ് അസ്ലം എന്ന് പോലീസ് പറഞ്ഞു. കമ്പളക്കാട് സബ് ഇന്‍സ്പെക്ടര്‍ എന്‍ എ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്
