മലപ്പുറം: യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പന്തല്ലൂർ കിഴക്കുപറമ്പ് പാറക്കോടൻ വീട്ടിൽ ഡാനിഷ് മുഹമ്മദിനെ ആണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുമായി മുൻപരിചയമുള്ള ഡാനിഷ് മുഹമ്മദ് ഏപ്രിൽമാസം പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ നിന്ന് യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചിരുന്നു. അന്ന് പോലീസിൽ പരാതി നൽകാനെത്തിയെങ്കിലും ഡാനിഷ് മുഹമ്മദിന്റെ മാതാവ് ഇടപെട്ട് മകനെ കേസിൽപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി പരാതി നൽകാതെ പിന്മാറുകയായിരുന്നു.
എന്നാൽ ഇതിന് ശേഷവും യുവാവ് അതിക്രമം തുടർന്നു. ജൂൺ രണ്ടിന് ഡാനിഷ് ജോലി ചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തിൽവെച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച ഡാനിഷ് മുഹമ്മദ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ഒരുവർഷം മുമ്പ് യുവതിയും ജോലി ചെയ്തിരുന്നു



