കുഴിമന്തി വില്‍ക്കുന്ന ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഭക്ഷ്യ വിഷബാധയുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്.
ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഒരു വാക്കത്തിയുമായാണ് അവിടെ എത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. എത്തിയ ഉടനെ ഹോട്ടലിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ഒപ്പം ബൈക്ക് ഓടിച്ച് ഹോട്ടലിന് അകത്തേക്ക് കയറ്റിയതായും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.
പൊലിസുകാരന്റെ മകന്‍ രണ്ട് ദിവസം മുന്‍പ് ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഹോട്ടല്‍ ആക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. അക്രമം നടത്തിയ പൊലീസുകാരനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍

