ഭുവനേശ്വർ: ഒഡീഷയിലെ പട്ടമുണ്ടൈ കോളേജിൽ പരീക്ഷയ്‌ക്കെത്തിയ 18 വയസുകാരിയെ പുരുഷ അധ്യാപകൻ പരിശോധിച്ചതിൽ മനം നൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. വിദ്യാഥിനിയുടെ അമ്മയാണ് ഇതുമായി ബന്ധപ്പെട്ട പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഈ മാസം 19-നായിരുന്നു കേസിനാസ്പദമായ സംഭവം. സിഎച്ച്എസ്ഇ പരീക്ഷയിൽ പങ്കെടുക്കാനായി ഒഡീഷയിലെ പട്ടമുണ്ടൈ കോളേജിലെത്തിയ വിദ്യാർഥിനിയെ പുരുഷ അധ്യാപകൻ പരിശോധിക്കുകയായിരുന്നു. വനിതാ അധ്യാപകർ പരിശോധിക്കേണ്ടിടത്താണ് പെൺകുട്ടിയെ പുരുഷാധ്യാപകൻ പരിശോധിച്ചത്. ഇത് സിഎച്ച്എസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും എഫ്ഐആറിൽ ചേർത്തിട്ടുണ്ടെന്നും പട്ടമുണ്ടൈ റൂറൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ-ചാർജ് ധീരജ് ലെങ്ക പറഞ്ഞു. പുരുഷ അധ്യാപകൻ തന്നെ പരിശോധിച്ചതിൽ അസ്വസ്ഥയായ പെൺകുട്ടി ഫെബ്രുവരി 24ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. 12ാം ക്ലാസ് വിദ്യാഥിനിയാണ് മരിച്ചത്.
ഇക്കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ അമ്മ ഇത് സംബന്ധിച്ച പരാതി നൽകിയതെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. തെളിവുകൾ ലഭിച്ചാലുടൻ പ്രതികൾക്കെതിരെ നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പെൺകുട്ടിയുടെ അമ്മ ഉയർത്തിയ ആരോപണങ്ങൾ കോളേജ് അധികൃതർ നിഷേധിച്ചു. പെൺകുട്ടികളെ പരീക്ഷ ഹാളിൽ കയറുന്നതിന് മുൻപ് സ്ത്രീകളായ അധ്യാപകർ തന്നെയാണ് പരിശോധിക്കുന്നതെന്നും. മറിച്ചുള്ള ആരോപണം തെറ്റാണെന്നും പട്ടമുണ്ടൈ കോളജ് പ്രിൻസിപ്പൽ ദിലീപ് കുമാർ ഭൂയാൻ പ്രതികരിച്ചു
