Headlines

കെഎസ്ഇബി ഓഫീസിൽ സൂക്ഷിച്ച 100 കിലോയോളം അലുമിനിയം കമ്പികൾ മോഷ്ടിച്ചു; കടത്തിയത് ഓട്ടോയിൽ, പ്രതികൾ അറസ്റ്റിൽ





നെടുമങ്ങാട് : കെഎസ്ഇബി ഓഫീസിൽ സൂക്ഷിച്ചിരുന്ന 100 കിലോയോളം തൂക്കം വരുന്ന അലുമിനിയം ലൈൻ കമ്പികൾ മോഷ്ടിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ആര്യനാട് പള്ളിവേട്ട കൈതൻകുന്ന് വെട്ടയിൽ വീട്ടിൽ സലിം (58), മണ്ണൂർക്കോണം മുള്ളുവേങ്ങാമൂട് റോഡരികത്ത് വീട്ടിൽ ഹരി (59) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉഴമലയ്ക്കൽ കെഎസ്ഇബി സെക്ഷൻ യാർഡിൽ നിന്നാണ് ഇവർ അലുമിനിയം ലൈൻ കമ്പികൾ മോഷ്ടിച്ചത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സലിം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

രാത്രിയോടെ ഉഴമലയ്ക്കൽ കെഎസ്ഇബി സെക്ഷൻ ഓഫീസിന് മുന്നിൽ ഓട്ടോയിലാണ് പ്രതികൾ എത്തിയത്. ശേഷം യാർഡിലെത്തി അലുമിനിയം ലൈൻ ചുരുൾ കമ്പികൾ ഓട്ടോയിൽ കടത്തുകയായിരുന്നു. ശേഷം പ്രതികൾ ഒളിവിൽ പോയി. വ്യാപകമായ തെരച്ചിലിനൊടുവിലാണ് ഇവരെ പൊലീസ് പിടികൂടിയത്.

കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റാഫിയുടെ നിർദ്ദേശപ്രകാരം ആര്യനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് അജീഷിൻറെ നേതൃത്വത്തിൽ എസ് ഐ വേണു കെ, സൂരജ് ഷിബു, മനോജ് ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: