പത്തനംതിട്ട: പത്തനംതിട്ടയിൽ 12 വയസ്സുകാരനായ മകനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഴൂർ സ്വദേശിയായ ഇയാളെ പത്തനംതിട്ട വനിതാ പോലീസാണ് കസ്റ്റഡിയിലെടുത്തത്. മർദ്ദനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കുട്ടിയുടെ ശരീരത്തിൽ ചൂടാക്കിയ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിലിടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഈ കുട്ടിക്ക് നേരെ 2019 മുതൽ സമാനമായ രീതിയിലുള്ള പീഡനങ്ങൾ തുടർച്ചയായി നടന്നിരുന്നതായും പോലീസ് സ്ഥിരീകരിച്ചു.
വിവാഹബന്ധം വേർപെടുത്തിയ മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന കുട്ടിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. ആറ് വർഷം മുൻപ് അച്ഛനും അമ്മയും നിയമപരമായി വേർപിരിഞ്ഞ ശേഷം കുട്ടി പിതാവിനൊപ്പമായിരുന്നു താമസം. നിരന്തരമുള്ള പീഡനം കാരണം രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചതായും കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.


