ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി നൽകി രണ്ട് എംപിമാർ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ലോക്സഭാംഗങ്ങളാണ് ബിജെപിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. ഹരിയാനയിൽ നിന്നുള്ള എംപി ബ്രിജേന്ദ്ര സിങ്, രാജസ്ഥാനിൽ നിന്നുള്ള എംപി രാഹുൽ കസ്‌വാൻ എന്നിവരാണ് ബിജെപിയിൽ നിന്നും രാജിവച്ചത്.
രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് ബ്രിജേന്ദ്ര സിങ് അറിയിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് ബ്രിജേന്ദ്ര. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയാണ് ബ്രിജേന്ദ്ര പാർട്ടി അംഗത്വം സ്വീകരിച്ചത്.പിതാവും മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബിരേന്ദർ സിങും കോൺഗ്രസിൽ ചേരും
2014-ൽ കോൺഗ്രസ് വിട്ടാണ് ഇരുവരും ബിജെപിയിൽ ചേർന്നത്. ബ്രിജേന്ദ്രയും പിതാവും ഗുസ്തി താരങ്ങളെ പിന്തുണച്ചും കർഷക സമരത്തെ പിന്തുണച്ചും നേരത്തെ രംഗത്തെത്തിയിരുന്നു. 2019-ൽ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബ്രിജേന്ദ്ര ഹിസാറിൽ നിന്ന് വിജയിച്ചത്.
രാജസ്ഥാനിൽ ചുരു മണ്ഡലത്തിൽ നിന്നുള്ള ബിജെപി എം.പി രാഹുൽ കസ്‌വാനാണ് പാർട്ടി വിട്ട മറ്റൊരു നേതാവ്. അദ്ദേഹവും ഉടനെ കോൺഗ്രസിൽ ചേർന്നേക്കും. ചുരുവിൽ നിന്ന് തുടർച്ചയായി രണ്ട് തവണ വൻഭൂരിപക്ഷത്തിൽ വിജയിച്ചിട്ടുള്ള രാഹുൽ കസ് വാന് ബിജെപി ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. ചുരുവിൽനിന്ന് അദ്ദേഹം ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കും.



