കൊല്ലം: നിക്ഷേപകന്റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍. കൊല്ലം ഏരൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ താത്കാലിക ജീവനക്കാരന് കരവാളൂര്‍ മാത്ര സ്വദേശി ലിബിന് ടൈറ്റസ് ആണ് പിടിയിലായത്. ബാങ്ക് മാനേജര്‍ സുധീഷ് സുരേന്ദ്രന്റെ പരാതിയില്‍ ആണ് അറസ്റ്റ്. ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴി 7,21,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അഞ്ച് വര്‍ഷമായി ബാങ്കിലെ ബിസിനസ് കറസ്പോണ്ടന്റ് ആണ് ലിബിന് ടൈറ്റസ്. തട്ടിപ്പില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായാണ് സൂചന. തട്ടിച്ച പണം സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് ഇയാള്‍ മാറ്റുകയും ചെയ്തിരുന്നു. ശേഷം ഈ പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങുകയുമായിരുന്നു.
