അടിമാലി: ബൈസൺവാലി സ്കൂൾ പടിക്കു സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മുട്ടുകാട് കാക്കാക്കട പൊന്മലശേരിൽ ചന്ദ്രന്റെ മകൻ അനന്തു(20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ആണ് അപകടം.
അനന്തു സഞ്ചരിച്ച ബൈക്ക് ബൈസൺവാലി സ്കൂൾ പടിക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇലക്ട്രിക്കൽ ജോലികൾ ചെയ്തുവന്നിരുന്ന അനന്തു ബൈസൺവാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: സിന്ധു. സഹോദരി: ആതിര.

